Thursday, January 6, 2011

ആരും പരിധിക്കു പുറത്തല്ല



27 ഡിസംബര്‍ 2010 മുതല്‍ 2 ജനുവരി 2011 വരെ തുടര്‍ച്ചയായി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ അവസാന  ഭാഗം. കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ അവാര്‍ഡ്‌ ഈ പരമ്പരക്ക് ലഭിച്ച വിവരം കു‌ടി സുഹൃത്തുക്കളെ അറിയിക്കുന്നു, സന്തോഷം പങ്കുവെക്കുന്നു 














മൊബൈലില്‍ ഭാര്യയെ ശല്യം ചെയ്യുന്നുവെന്ന പരാതിയുമായാണ് പ്രവാസിയായ ഭര്‍ത്താവ് സൈബര്‍ സെല്ലിലെത്തിയത്. തന്റെ വീട്ടിലെ നമ്പറിലേക്ക് ആരോ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. ഉറവിടം കണ്ടെത്തണമെന്ന അയാളുടെ പരാതിക്കു പിറകെ പോയ പൊലിസ് കണ്ടെത്തിയത് അയാളുടെ വീട്ടില്‍ നിന്ന് തിരിച്ചും മിനിറ്റുകളോളം ഫോണ്‍വിളി പോയിട്ടുണ്ടെന്നാണ്. പരാതി അതോടെ അവസാനിച്ചു. മരുമകളുടെ ഫോണില്‍ അജ്ഞാത കോളുകള്‍ വരുന്നുവെന്ന ഭര്‍തൃപിതാവിന്റെ പരാതിയുടെ ഗതിയും ഇതു തന്നെയായിരുന്നു.


**************************************

ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടവര്‍ ഇ-മെയില്‍ പാസ്‌വേഡും ഓര്‍കുട്ട് പാസ്‌വേഡുമൊക്കെ പ്രണയാര്‍ദ്ര ദിനങ്ങളില്‍ കൈമാറി. ഇടക്കെപ്പോഴോ അവര്‍ തമ്മില്‍ പിണങ്ങി. അര്‍ധരാത്രിയിലും വീട്ടിലെ നമ്പറിലേക്കും തന്റെ മൊബൈല്‍ ഫോണിലേക്കും തുരുതുരാ കോളുകള്‍ വരുന്നതാണ് പിന്നീടവള്‍ കണ്ടത്. അശ്ലീല ചുവയുള്ള സംസാരമായിരുന്നു അറ്റന്‍ഡ് ചെയ്ത കോളുകളിലൊക്കെയും. അമ്പരന്ന വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. ഹോട്ട് ചാറ്റിങ്ങിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് കാമുകിയുടെ ഓര്‍കുട്ട് പേജില്‍ അവളുടെ വീട്ട്‌നമ്പറും മൊബൈല്‍ നമ്പറും പ്രത്യക്ഷപ്പെട്ടത് അവള്‍ പോലും അറിയാതെയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.


**********************************

ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ അടുക്കുന്നു. ഒരു വര്‍ഷം കഴിയുന്നതിനിടെ കാമുകന് മറ്റ് ബന്ധങ്ങളുണ്ടെന്നറിഞ്ഞതോടെ ഉടക്കി പിരിഞ്ഞു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ പിടി വിട്ടു പോയിരുന്നു. കാമുകന്‍ അവളുടെ പാസ്‌വേഡുപയോഗിച്ച് അവളുടെ തന്നെ ഓര്‍കുട്ടില്‍ അവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി. വെബ്‌സൈറ്റിലും ഫോട്ടോകള്‍ നല്‍കി. യുവതിയുടെ കല്യാണം ഉറപ്പിച്ചിരുന്നത് മുടങ്ങിയെന്ന് പറയേണ്ടതില്ല. കൈതെറ്റിയ പാസ്‌വേഡ് തന്റെ ജീവിതം തന്നെ തകര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് അവള്‍ ഇനിയും മുക്തയായിട്ടില്ല. സംസ്ഥാനത്തെ ഏത് മനശ്ശാസ്ത്രജ്ഞന്റെ അരികിലെത്തിയാലും അവരുടെ ഇപ്പോഴത്തെ സന്ദര്‍ശകരില്‍ മഹാഭൂരിപക്ഷവും സൈബര്‍ കുറ്റ കൃത്യങ്ങളുടെ ഇരകളാണ് എന്ന് ബോധ്യമാവും. ഭാവനാതീതമാണ് അതിന്റെ വ്യാപ്തി. വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ദമ്പതികളുമൊക്കെ ഇരകളാണ്. ആ പട്ടികയുടെ നീളം ഏറെയാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശരാശരി 500നും 700നും ഇടക്ക് പരാതികള്‍ ഓരോ ദിവസവും പൊലീസ് സ്‌റ്റേഷനിലെത്തുന്നുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും മൊബൈല്‍ഫോണ്‍ ശല്യങ്ങളാണ്. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് കാളുകള്‍ ചെയ്യാമെന്നു വന്നതോടെ ഈ ശല്യം ക്രമാതീതമായി കൂടിയിരിക്കുന്നു. +77777, +443 തുടങ്ങി പിടികിട്ടാത്ത നമ്പറുകളാണ് നെറ്റ് കാളുകള്‍ക്കുള്ളത്. പെട്ടെന്ന് പിടികൂടാനാവില്ലെന്ന സൗകര്യവും ഈ കാളുകള്‍ക്കുണ്ട്. രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള കണക്ഷനുകളായതുകൊണ്ട് അതിന്റെ ഉറവിടം തേടി പോവുക സാധാരണ നിലയില്‍ നടക്കാത്ത കാര്യമാണ്. എന്നാല്‍ ശല്യക്കാരെ പിടികൂടാന്‍ തീരുമാനിച്ചിറങ്ങിയാല്‍ അതിനൊരു പ്രയാസവുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാം. ടൈം പാസിനുവേണ്ടി നാട്ടിലുള്ള വീട്ടമ്മമാരെ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍ ഉയര്‍ന്ന കമ്പനികളില്‍ ജോലിയുണ്ടായിരുന്ന രണ്ടു പേര്‍ നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടത് ഈയിടെയാണ്.

2010 നവംബര്‍ വരെ സംസ്ഥാനത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടപടിയെടുത്ത കേസുകള്‍ 114 എണ്ണമാണ്. 2009ല്‍ ഇത് 83 ആയിരുന്നു. വര്‍ഷം കഴിയുന്തോറും കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് സൈബര്‍ സെല്ലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005ല്‍ വെറും മൂന്ന് കേസുകളാണ് നടപടിയെടുക്കുന്ന ഘട്ടം വരെ എത്തിയിരുന്നത് എന്നറിയുക. മാനക്കേട് നോക്കാതെ കുറ്റവാളികളെ കണ്ടെത്തണമെന്ന വാശിയോടെ കേസുകള്‍ക്ക് പിറകെ പോകാന്‍ കൂടുതല്‍ ആളുകള്‍ തയാറായി തുടങ്ങിയതിന്റെ ലക്ഷണമാണ് 2010ല്‍ കേസുകളിലുണ്ടായ ക്രമാതീതമായ വളര്‍ച്ച. ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും മാനക്കേട് ഓര്‍ത്ത് പലരും ഇത്തരം സംഭവങ്ങള്‍ക്കുപിറകെ പോകാത്തതാണ് ഒരു പരിധിവരെ സാമൂഹിക ദ്രോഹികള്‍ക്ക് തുണയാകുന്നത്. സമൂഹമറിഞ്ഞാലുള്ള ദുരന്തമോര്‍ത്ത് തുടക്കത്തിലേ നുള്ളേണ്ട കുറ്റകൃത്യങ്ങള്‍ സ്ത്രീകളില്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നു. വീട്ടമ്മമാര്‍ മാത്രമുള്ള വീടുകളില്‍ നിന്ന് ആരും അധികൃതരെ സമീപിക്കുകയില്ല. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവര്‍ സംഭവം മറച്ചുവെക്കുന്നു. ഒടുവില്‍ എല്ലാം അറിയുമ്പോള്‍ കാര്യങ്ങള്‍ അവളുടെ നിയന്ത്രണത്തിനപ്പുറമാവുന്നു. ഇത്തരം സംഭവങ്ങള്‍ അനവധിയാണ്. പല കോളുകളും അടച്ചൊരാട്ടില്‍ നിലച്ചുപോകാവുന്നതേയുള്ളൂ. അതിലും നിന്നില്ലെങ്കില്‍ പരാതി പറയുമെന്ന ഭീഷണി മതി. അതുപോലും നടക്കാതാവുമ്പോഴാണ് വലിയ ദുരന്തങ്ങളുണ്ടാവുന്നത്. മാരക വൈറസ് പോലെ മൊബൈലും ഇന്റര്‍നെറ്റും പടര്‍ന്നു പിടിക്കുമ്പോള്‍ നാം ജാഗരൂകരായേ പറ്റൂ. അതിന്റെ ശരിയും ശരികേടും മുതിര്‍ന്നവര്‍ അറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ പുതുതലമുറ കൈവിട്ടുപോകുന്നതും ബന്ധങ്ങള്‍ അറ്റുപോകുന്നതും നിസ്സഹായരായി കാണേണ്ടി വരും. അതല്ല, ഈ വിപത്തിനെ കണ്ടില്ലെന്ന് നടിക്കാനാണ് ഭാവമെങ്കില്‍ പുതിയ ദുരന്തത്തിന് കാതോര്‍ക്കുക.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മൊബൈലും സിം കാര്‍ഡും സ്വകാര്യസ്വത്താണ്. അത് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉടമകളാണ് ഉത്തരവാദികള്‍. മിസ്ഡ് കാള്‍ എത്തുന്നത് തെറ്റായ നമ്പറിലാണെങ്കില്‍ പരാതി നല്‍കാവുന്നതാണ്. മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതില്‍ ഉള്ളടക്കം സംബന്ധിച്ച സൂക്ഷ്മത നല്ലതാണ്.  

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളെടുക്കുന്നതും അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്. അപരിചിതര്‍ക്ക് ഫോണ്‍ കൈമാറുമ്പോള്‍ കരുതല്‍ വേണ്ടതാണ്. സമ്മാനവാഗ്ദാനങ്ങളും മറ്റുമായി വരുന്ന ഇ-മെയിലുകളില്‍ കുടുങ്ങാതിരിക്കുക. ഉപയോഗിക്കുന്ന പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കണം. കഫേകളില്‍ ഇമെയില്‍ പരിശോധിച്ചതിന് ശേഷം സൈന്‍ ഔട്ട് ചെയ്ത് മാത്രം പിന്‍വാങ്ങുക.

ശല്യപ്പെടുത്തുന്ന എല്ലാ ആശയവിനിമയങ്ങളും ഇമെയില്‍, ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങളും ഒരു മാറ്റവും വരുത്താതെ സൂക്ഷിക്കുക. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് ഉപകാരപ്രദമാവും. പീഡനത്തിന് ഇരയായാല്‍ അധികാരികള്‍ക്ക് പരാതി നല്‍കുക.


ഈ പരമ്പര ഇവിടെ അവസാനിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും 
നിര്തെഷങ്ങള്‍ക്കും നന്ദി, ഇനാം  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...