Wednesday, December 29, 2010

സ്വകാര്യതയും പണയപ്പണ്ടംതന്റെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്ന് സുഹൃത്ത് അറിയിച്ചപ്പോള്‍ അയാള്‍ വിശ്വസിച്ചില്ല. മോര്‍ഫിങ്ങിലൂടെ പടങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആരോ നെറ്റില്‍ കൊടുത്തതായിരിക്കുമെന്നാണ് വിവരമറിയിച്ച സുഹൃത്തുപോലും കരുതിയത്. ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ദിവസങ്ങളോളം അയാളുടെ ഉള്ളില്‍ കിടന്നു പഴുത്തു. ഒടുവില്‍ ഇന്റര്‍നെറ്റില്‍ നോക്കാന്‍ തയ്യാറായി. സ്‌ക്രീനില്‍ തെളിഞ്ഞ അരണ്ട വെളിച്ചത്തിലെ ദൃശ്യങ്ങള്‍ ഒരായിരം കടന്നലുകള്‍ കുത്തുന്നതിന് തുല്യമായിരുന്നു. അയാളുടെ രക്തം മരവിച്ചു പോയി. സ്വന്തം കിടപ്പറ രംഗങ്ങള്‍ റെക്കോഡു ചെയ്യുന്ന ദമ്പതികളുള്ള ആസുര കാലത്ത് താനത് ചെയ്തിട്ടില്ലെന്ന് അയാള്‍ക്കും ഭാര്യക്കും നൂറു ശതമാനവും ഉറപ്പാണ്. പിന്നെ ആരാണീ കൊടും ചതി ചെയ്തത്? തളര്‍ന്നിരുന്ന ആ മനുഷ്യന്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സൈബര്‍ സെല്ലിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും വീട്ടില്‍ നിന്നു തന്നെയുള്ളതാണെന്നും സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്തു നിന്നാണ് വീഡിയോ നെറ്റിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം ഇഴഞ്ഞു. അയല്‍പക്കത്തെ സാധാരണക്കാരനായ യുവാവ് ബൈക്കു വാങ്ങുകയും ഇഷ്ടം പോലെ കാശുള്ളതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ വെറുതേ തോന്നിയ സംശയമാണ് ആരെയും ഞെട്ടിക്കുന്ന കഥയുടെ ചുരുളഴിച്ചത്. അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എന്നും കാണുന്ന അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍ രഹസ്യകാമറ സ്ഥാപിച്ചതാണെന്ന വിവരം പുറത്തായത്. കാമറ യുവാവിന് നല്‍കിയയാള്‍ തന്നെ അതു തിരിച്ചു കൊണ്ടുപോയി. അതിനു കിട്ടിയ പ്രതിഫലമായിരുന്നു ബൈക്കും മറ്റും.
------------
പതിവുപോലെ കോളജിലേക്ക് തിരിച്ച അവളെ കാത്ത് കൂട്ടുകാരുടെ പട തന്നെയുണ്ടായിരുന്നു. കാമ്പസിലെ പതിവു കളിവട്ടങ്ങളിലെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് കരുതി കൂട്ടുകാരികളെ സമീപിച്ചപ്പോള്‍ കൂട്ടത്തോടെയുള്ള കളിയാക്കലും മുനവെച്ച വാക്കുകളുമായിരുന്നു അവളെ എതിരേറ്റത്. കാര്യം പിടികിട്ടാതെ ചമ്മി നിന്ന അവളെ മാറ്റി നിര്‍ത്തി കൂട്ടുകാരിലൊരാള്‍ ചെവിയില്‍ അടക്കം പറഞ്ഞു. തന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നും അതു കൂട്ടുകാരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണെന്നുമുള്ള വെളിപ്പെടുത്തല്‍ ഒരു വെള്ളിടിയായാണ് അവള്‍ കേട്ടത്. നടുക്കവുമായി അവള്‍ തിരിച്ചു പാഞ്ഞു. വീട്ടിലെത്തി കാര്യങ്ങള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആരാണിത് ചെയ്തതെന്ന അന്വേഷണം സഹോദരനിലേക്കും വീട്ടിലേക്ക് ഇടക്കിടെ വരാറുള്ള കൂട്ടുകാരിലേക്കും നീണ്ടു. ഞെട്ടലോടെ ആ കുടുംബം തിരിച്ചറിഞ്ഞു, ചെകുത്താന്‍ മകന്റെ കൂട്ടുകാരിലൊരാളായി അവതരിക്കുകയായിരുന്നു. കൂട്ടുകാരന്റെ അമ്മയുടെയും സഹോദരിയുടെയും മുറികളിലും മറ്റും രഹസ്യ കാമറ വെച്ച് എടുത്ത ദൃശ്യങ്ങളാണ് ലോകം മുഴുവന്‍ കണ്ടു രസിച്ചത്.

------------
സ്വന്തം വീട്ടിലെ കിടപ്പുമുറികളില്‍ രഹസ്യ കാമറകള്‍ സ്ഥാപിച്ച പയ്യന്‍ ഒരു രസത്തിനാണ് ദൃശ്യങ്ങള്‍ കണ്ടത്. ഏതാനും ദിവസം കാമറ വെച്ചശേഷം അതെടുത്തു നല്‍കാന്‍ അജ്ഞാതനായ ചേട്ടന്‍ ആവശ്യപ്പെടുന്നു. അയാളുടെ ലാപ്‌ടോപ്പില്‍ തന്റെ വീട്ടിലെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവനുതന്നെ നാണമായി. എല്ലാ ദൃശ്യങ്ങളും മായ്ച്ചു കളയാമെന്ന, ഏതാനും ദിവസങ്ങളുടെ മാത്രം പരിചയമുള്ള ചേട്ടന്റെ ഉറപ്പിലാണ് കാമറ തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് കൃത്യമായി എത്തിയിരുന്ന ചേട്ടന്‍ നല്‍കിയ കാമറയിലെ ദൃശ്യങ്ങള്‍ ലോകമറിയാന്‍ മിനിറ്റുകളുടെ മാത്രം സമയമേ ആവശ്യമായുള്ളൂ. ദൃശ്യങ്ങള്‍ പകര്‍ന്നു നല്‍കിയതിനുള്ള പണം കൈയോടെ ലഭിച്ചതോടെ സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്ന അയാളെ പിന്നീട് കാണാതായി.

സ്വകാര്യത ഒപ്പിയെടുക്കാനാവശ്യമായ രഹസ്യകാമറകള്‍ നല്‍കുന്ന റാക്കറ്റു തന്നെയുണ്ട്. ആ കാഴ്ചകള്‍ വിലകൊടുത്ത് വാങ്ങാനാളുണ്ട്. രഹസ്യമായി ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കൈമാറി അതിന്റെ വിലകൊണ്ട് ജീവിതം അടിച്ചു പൊളിക്കുന്നത് ഒരു പക്ഷേ, അയല്‍ക്കാരനാവാം. നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകമറിയുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും മറ്റും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന നൂതനമായ സ്‌പൈ കാമറകളാണ് അതിനീചമായി വീട്ടിലെ കിടപ്പു മുറിയിലും ഹോട്ടല്‍മുറിയിലും പൊതു ബാത്ത് റൂമുകളിലുമൊക്കെ സ്ഥാനം പിടിച്ചത്.

സംസ്ഥാനത്ത് പൊതുവെ നിയന്ത്രണങ്ങളുള്ള ഇത്തരം കാമറകള്‍ ദുബായില്‍ നിന്ന് ആര്‍ക്കും കൈവശപ്പെടുത്താം. അവിടെ നിന്നാണ് പ്രധാനമായും ഇത് കേരളത്തിലേക്ക് ഒഴുകുന്നത്. അതു സ്ഥാപിക്കുന്നതിന് കരിയര്‍മാരെ കണ്ടെത്താന്‍ ബ്ലൂ ഫിലിം മാഫിയ തന്നെയുണ്ട്. അവരുടെ വലയില്‍ വീഴുന്നവരില്‍ നല്ലൊരു ശതമാനവും പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ഥികളാണ്. കൃത്രിമത്വമില്ലാത്ത ഹോം വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അതിന് നീല വീഡിയോ വിപണിയില്‍ വന്‍ വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ക്ക് നന്നായറിയാം. ലഭിച്ച ദൃശ്യത്തിന്റെ 'മാറ്റ'നുസരിച്ചാണ് പ്രതിഫലം. അന്യന്റെ രഹസ്യം വിറ്റ് കാശാക്കുകയെന്ന നീചമായ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. കിടപ്പുമുറിയിലും മറ്റും പഠനാവശ്യത്തിനെന്ന പേരില്‍ സ്ഥാനം പിടിക്കുന്ന ഇന്റര്‍നെറ്റില്‍ വലിയ അവഗാഹമില്ലാത്ത രക്ഷിതാക്കള്‍ അറിയുന്നില്ല മക്കള്‍ എവിടെയൊക്കെയാണ് ചുറ്റി തിരിയുന്നതെന്ന്. പഠിക്കാനെന്നും അസൈന്‍മെന്റ് എന്നുമൊക്കെ പറഞ്ഞ് പുലര്‍ച്ച വരെ നീളുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഇത്തരം സൈറ്റുകളിലേക്കാണ് നീളുന്നതെന്ന് കണ്ടെത്താന്‍ മക്കള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ വെറുതേയൊന്ന് പരതി നോക്കിയാല്‍ മതി.

നമ്മള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന കെണികള്‍ ഇവിടെ തീരുന്നില്ല. ചാറ്റിങ്ങും ഇ-മെയിലും വഴിയൊക്കെ പുതുതലമുറയെ കുഴിയില്‍ ചാടിക്കുന്നതിന് അന്താരാഷ്ട്ര റാക്കറ്റുകള്‍ തന്നെയുണ്ട്. സൗഹൃദ സൈറ്റുകളില്‍ അജ്ഞാതരായിരുന്ന് അവര്‍ ഇരകളെ കണ്ടെത്തുന്നു. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഒരടയാളവും ബാക്കിയാക്കാതെ അടുത്ത ഇരയെ തേടി പോകുന്നു.

അമ്മമാര്‍ അറിയുക, മക്കള്‍ ഔട്ട് ഓഫ് ...!
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.

അവര്‍ കാണാമറയത്തേക്ക്

ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.

ചതിയുടെ റിങ്‌ടോണുകള്‍!

മൊബൈല്‍പ്രണയം മാതാപിതാക്കളറിയുന്നു. തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍  ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍!

വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.
സൈലന്റ് മോഡ്!

പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച്  മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.

ദുരന്തത്തിലേക്കുള്ള കോണ്‍ടാക്റ്റുകള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണെ്ണണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.

എല്ലാം നശിപ്പിക്കുന്ന ഇത്തിരി കാര്‍ഡ്

സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടി രക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്ന വീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്. നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല.

നമ്മുടെ ജീവിതം പരിധിക്കു പുറത്താണ് ...!27 ഡിസംബര്‍ 2010 മുതല്‍ 2 ജനുവരി 2011 വരെ തുടര്‍ച്ചയായി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ഒന്നാം ഭാഗം.

മാര്‍ച്ചുവരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെ പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നു. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ കുട്ടികളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകവും മൊബൈലും ഇന്റര്‍നെറ്റും വഴി വളര്‍ന്ന ബന്ധങ്ങളാണ്. മൊബൈല്‍-സൈബര്‍ വലകളില്‍ കുരുങ്ങി അവസാനിക്കുന്ന കേരളീയ ജീവിതത്തിന്റെ ഞെട്ടിക്കുന്ന  ചിത്രം ഇന്നു മുതല്‍.
============================
കടല്‍ കടന്നാണ് ഈ കഥ വരുന്നത്. മരുഭൂമിയുടെ ചൂടും ചൂരുമുണ്ടതിന്. ഗള്‍ഫില്‍ ഉന്നത ജോലിയുള്ള കുടുംബിനിയുടെ ജീവിതം പരിധിക്ക് പുറത്തായത് ഒരു മിസ്ഡ് കോളിലാണ്. നാട്ടിലേക്ക് വിളിച്ച കോള്‍ മാറിക്കിട്ടിയത് അജ്ഞാതനായ യുവാവിന്. നമ്പര്‍ മാറിയതാണെന്ന ക്ഷമാപണം നടത്തി ആദ്യ വിളി അവസാനിപ്പിച്ചെങ്കിലും നാട്ടിലുള്ള യുവാവ് അതില്‍ പിടിച്ചു കയറി. ആ ബന്ധം വളര്‍ന്നു. ഗള്‍ഫിലെ വിലകൂടിയ ഫ്‌ളാറ്റുകളിലൊന്നില്‍ ഭര്‍ത്താവും മക്കളുമൊത്ത് കഴിയുന്ന യുവതി അവരില്ലാത്ത സമയങ്ങളില്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിളികളുടെ ദൈര്‍ഘ്യം കൂടി. തിരക്കു പിടിച്ച ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് കിട്ടാത്തതെന്തോ ഒന്ന്; സാന്ത്വനമായും തമാശകളായും ഫോണിലൂടെ അവള്‍ക്ക് ലഭിച്ചു തുടങ്ങി. ആദ്യം ശബ്ദത്തെയും പിന്നെ അതിന്റെ ഉടമയെയും അവള്‍ എല്ലാംമറന്ന് പ്രണയിച്ചു. പലപ്പോഴും മണിക്കൂറുകളോളം കടല്‍ കടന്ന് വിളി വന്നു. ഭര്‍ത്താവിനോട് പറയാത്ത പലതും അജ്ഞാത കാമുകനുമായി പങ്കുവെക്കപ്പെട്ടു. ഇപ്പുറത്ത് ഗള്‍ഫില്‍നിന്നുള്ള സമ്പന്നയായ ഇരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ അയാള്‍ അത് മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പതിയേ കടല്‍ കടന്നെത്തിത്തുടങ്ങി. നാളുകള്‍ കഴിഞ്ഞപ്പോള്‍ പരസ്‌പരം കാണാന്‍ വയ്യാതെ മുന്നോട്ടു പോകാനാവില്ലെന്നായി. അവള്‍ തനിച്ച് നാട്ടിലെത്തി. കണ്‍കുളിര്‍ക്കെ കാമുകനെ കണ്ടു. എല്ലാംപങ്കിട്ട് സമ്മാനങ്ങള്‍ പലതുംനല്‍കി തിരിച്ചു പോയി. പിന്നെ കാമുകന്റെ ഊഴമായിരുന്നു. അയാള്‍ക്ക് ഗള്‍ഫിലെത്താന്‍ വിസയും ടിക്കറ്റും അവള്‍ അയച്ചു കൊടുത്തു. ഗള്‍ഫിലെത്തിയ കാമുകനുമായി ഭര്‍ത്താവറിയാതെ ചുറ്റിക്കറങ്ങി. വിലകൂടിയ ഹോട്ടലില്‍ അയാള്‍ക്കുവേണ്ടി എടുത്ത മുറിയില്‍ അവള്‍ ഇടക്കിടെ സന്ദര്‍ശകയായി. നാട്ടിലേക്ക് മടങ്ങിയ യുവാവ് തന്റെ ആവശ്യങ്ങളെല്ലാം അവളെ അറിയിച്ചു തുടങ്ങി. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍. പിന്നീട് അതിന്റെ വലുപ്പം കൂടി. ബാങ്ക് അക്കൗണ്ടില്‍നിന്ന് വന്‍തുക ചോര്‍ന്നു തുടങ്ങി. പണത്തിന്റെ എന്തോ ആവശ്യംവന്ന ഭര്‍ത്താവ് ഭാര്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുകയുടെ കുറവ് കാണുന്നത്. സ്വപ്‌നതുല്യമായ ജീവിതത്തില്‍ ആദ്യ തുള വീഴുകയായിരുന്നു. അത് വലുതായി. ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. പണമാവശ്യപ്പെട്ടുകൊണ്ടുള്ള കാമുകന്റെ മെസേജുകള്‍ വീണ്ടും പ്രവഹിച്ചു. കടുത്ത സമ്മര്‍ദത്തില്‍ ഒരു പെണ്‍മനസ്സിന്റെ താളംതെറ്റാന്‍ പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. മാനസികമായി തകര്‍ന്ന ഭര്‍ത്താവ് കുട്ടികളെയും കൂട്ടി മാറി താമസിച്ചു. കേരളത്തിലെ പ്രശസ്തനായ മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ് യുവതിയിപ്പോള്‍ എന്നത് കഥാന്ത്യം. മരുന്നിന്റെ ശക്തിയില്‍ തളര്‍ന്ന അവളുടെ ശരീരത്തില്‍ പാതി മരിച്ച ഒരു മനസ്സാണിപ്പോഴുള്ളത്. ചില്ലു പാത്രംപോലെ ചിതറിയ ജീവിതവുമായി ഭര്‍ത്താവും മക്കളും മരുഭൂമിയിലും.

വഴിതെറ്റിയ ഒരു കോള്‍

ബിസിനസുകാരനായ ഭര്‍ത്താവ്. വീട്ടില്‍ ഭാര്യ തനിച്ച്. എല്ലാമുണ്ടായിട്ടും അവര്‍ക്ക് മക്കളുണ്ടായില്ല. ഭാര്യയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അയാള്‍ ഒറ്റക്കിരുന്ന് മുഷിയുമ്പോള്‍ താനുമായി സംസാരിക്കാന്‍ മൊബൈല്‍ നല്‍കി. തിരക്കു കാരണം അയാള്‍ക്ക് പലപ്പോഴും സംസാരിക്കാനായില്ല. ഇടക്കിടെ തന്നോട് സംസാരിക്കാറുള്ള തൊട്ടവീട്ടിലെ പയ്യന്‍ അപ്രതീക്ഷിതമായാണ് അവളോട് മൊബൈല്‍ നമ്പര്‍ ചോദിച്ചത്. അറിയാവുന്ന പയ്യനായതുകൊണ്ട് നമ്പര്‍ നല്‍കുന്നതില്‍ അപാകതയൊന്നും തോന്നിയില്ല. ആഴത്തിലുള്ള സ്‌നേഹബന്ധമാക്കി അതുമാറ്റാന്‍ പയ്യന് ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകി തിരിച്ചെത്തുന്ന ഭര്‍ത്താവ് അയല്‍വീട്ടിലെ കാമുകനുമായുള്ള ബന്ധത്തിന് ആക്കം കൂട്ടി. ഭര്‍ത്താവ് ഇറങ്ങിയാല്‍ കാമുകന്‍ വീട്ടിലെത്തിത്തുടങ്ങി. വേര്‍പിരിയാനാവാത്ത രീതിയിലേക്ക് അതുമാറി. അപ്രതീക്ഷിതമായി നേരത്തെ വീട്ടിലെത്തിയ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ കാണുന്നത് അയല്‍ക്കാരനെയാണ്. ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരുമെത്തി പയ്യനെ നാട്ടില്‍നിന്ന് അടിച്ചോടിച്ചു. എന്നാല്‍, ഭര്‍ത്താവിനെ ഞെട്ടിപ്പിച്ച് തനിക്ക് അവനെ കാണാതെ ജീവിക്കാനാവില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. ഭാര്യയുടെ വഴിവിട്ട പോക്കിന് ഉത്തരവാദി താന്‍ കൂടിയാണെന്ന തിരിച്ചറിവില്‍ അതയാള്‍ അത്ര കാര്യമാക്കിയില്ല. തന്റെ ജീവിതത്തിലേക്ക് അവളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തല്‍ക്കാലം മാതാപിതാക്കളോടൊപ്പം വിട്ടു. എന്നാല്‍, കാമുകനുമായി വീണ്ടും ബന്ധം സ്ഥാപിച്ചുവെന്നും അവനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നുമുള്ള മൊബൈല്‍ സന്ദേശമാണ് ഭാര്യയില്‍നിന്ന് അയാള്‍ക്കു ലഭിച്ചത്. മാനസിക നില തകര്‍ന്ന്, മദ്യത്തിന് അടിപ്പെട്ട് അയാളിപ്പോഴും ജീവിക്കുന്നുണ്ട്.
കേരളം മാറുന്നു!

ഇതൊക്കെ വെറും കഥകളാണെന്നു കരുതിയാണ് മലയാളി കുടുംബങ്ങള്‍ തള്ളിക്കളയുക! പക്ഷേ ഒന്നുണ്ട്, 2010 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെയും പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നുവെന്ന് വിശ്വസിക്കാതിരുന്നിട്ട് കാര്യമില്ല. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ മക്കളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകങ്ങളും മൊബൈലും ഇന്റര്‍നെറ്റും വഴി കരുപ്പിടിപ്പിച്ച ബന്ധങ്ങളാണ്. ലാന്‍ഡ് ഫോണുകള്‍ക്കു പകരം മൊബൈലാവുകയും ഒരു വീട്ടില്‍തന്നെ അഞ്ചും ആറും കണക്ഷനാവുകയും കുട്ടികളുടെ കൈയില്‍ പോലും രണ്ടും മൂന്നും സിമ്മുമൊക്കെ വരുകയും ചെയ്തപ്പോള്‍ അതിനു പിന്നിലെ ചതിക്കുഴികള്‍ ആരും കണ്ടില്ല. പഠനാവശ്യത്തിനെന്ന പേരില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിയന്ത്രണമില്ലാതെ മക്കള്‍ക്ക് വിട്ടുകൊടുത്തവരും പുത്തന്‍ പുതിയ മൊബൈലുകള്‍ കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരു പോലെ നല്‍കിയവരും അപകടക്കെണി തിരിച്ചറിഞ്ഞില്ല. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് പാതിരാവിലാണ്. രാത്രി പതിനൊന്നിന് ശേഷം മാത്രം വിളിക്കാന്‍ സിമ്മുകള്‍ സൂക്ഷിക്കുന്ന സാമൂഹിക ദ്രോഹികള്‍ നമുക്കിടയിലുണ്ട്. ഇവരില്‍ 99 ശതമാനത്തിന്റെയും വിലാസം വ്യാജമാണ്. ആര്‍ക്കുവേണമെങ്കിലും കണക്ഷന്‍ നല്‍കാന്‍ തയാറായി മൊബൈല്‍ കമ്പനികളുടെ ഏജന്റുമാര്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു സിം സംഘടിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. പ്രതിമാസം രണ്ടു കോടി കണക്ഷനുകള്‍ നമ്മുടെ രാജ്യത്ത് വിറ്റഴിയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. 2010 സെപ്റ്റംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഒരു മാസ കാലയളവില്‍ മാത്രം സംസ്ഥാനത്ത് വിറ്റഴിഞ്ഞത് 8,07,498 കണക്ഷനുകളാണ്. ഇതെല്ലാം പുതിയ കണക്ഷനുകളല്ലെന്ന് വ്യക്തമാണ്. രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പലപ്പോഴും വിളി വരുന്നത്. പത്തു മുതല്‍ 40 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ ഇങ്ങനെ വരുന്ന കോളുകള്‍ക്ക് പത്തു പേരില്‍ മൂന്നുപേരെങ്കിലും മറുപടി പറയുന്നുണ്ടെന്നാണ്. പത്തിനും 25നും ഇടക്ക് പ്രായമുള്ളവരാണെങ്കില്‍ അഞ്ചുപേരെങ്കിലും ഫോണെടുക്കുമെന്ന് ഉറപ്പ്. മറുഭാഗത്ത് സ്ത്രീകളാണെങ്കില്‍ ആ വിളി ആവര്‍ത്തിക്കും.പത്ത് നമ്പറിലേക്ക് വിളിച്ചാല്‍ രണ്ടെണ്ണമെങ്കിലും അനുകൂലമായി പ്രതികരിക്കുമെന്ന് വിളിക്കുന്നവനറിയാം. അതുമതി ഒരു ജീവിതം തകരാന്‍. ഇത്തരത്തില്‍ ഒരു കോളെങ്കിലും വരാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. കുറഞ്ഞ കാശിന് ഇന്റര്‍നെറ്റ് കോളുകള്‍ വ്യാപകമായതോടെ ഗള്‍ഫിലുള്ള ഞരമ്പു രോഗികളിലേക്കും ഈ അസുഖം പടര്‍ന്നിട്ടുണ്ട്. വഴി തെറ്റി വന്ന ഒരു കോളിന്റെ പേരില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ചാറ്റിങ് മുറിയില്‍ അജ്ഞാത സുഹൃത്തിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി ജീവിതത്തിന്റെ പരിധിക്കു പുറത്തായവര്‍ നിരവധിയാണ്. ആറാം ക്ലാസ് വിദ്യാര്‍ഥിനി മുതല്‍ 68കാരനായ വൃദ്ധന്‍ വരെ ഈ കണ്ണിയിലുണ്ട്. എന്റെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരൊന്നും ഇരകളാവുന്നില്ലെന്ന് ഒരു തീര്‍ച്ചയും വേണ്ട. പറയാന്‍ പോകുന്ന കഥകളൊക്കെ എവിടെ നടന്നു, ആരാണ് ഇര എന്നൊന്നും ചോദിക്കരുത്. വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചുറ്റുവട്ടത്ത് ഇതൊക്കെ നടക്കുന്നുണ്ട് എന്നറിയുക.  വീട്ടില്‍നിന്ന് ഇറങ്ങുന്ന മക്കളില്‍ പലരും പരിധിക്കു പുറത്താണെന്നും നാം അറിയുക. അവര്‍ അകപ്പെട്ടിരിക്കുന്ന കെണികളെ സംബന്ധിച്ച് അമ്മമാര്‍ അറിയുന്നത് എല്ലാം കൈവിട്ടുപോയ ശേഷമാണ്.


Related Posts Plugin for WordPress, Blogger...