Thursday, January 6, 2011

കെണിവെച്ച് കമ്പനികള്‍; വീഴുന്നത് കോടികള്‍

27 ഡിസംബര്‍ 2010 മുതല്‍ 2 ജനുവരി 2011 വരെ തുടര്‍ച്ചയായി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ നാലാം ഭാഗം. കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ അവാര്‍ഡ്‌ ഈ പരമ്പരക്ക് ലഭിച്ച വിവരം കു‌ടി സുഹൃത്തുക്കളെ അറിയിക്കുന്നു, സന്തോഷം പങ്കുവെക്കുന്നു 


റീചാര്‍ജ് ചെയ്ത മൊബൈലില്‍ നിന്ന് വിളിക്കാതെ തന്നെ കാശ് അപ്രത്യക്ഷമാവുന്നത് കണ്ട് അമ്പരന്ന വീട്ടമ്മ അയല്‍ക്കാരുടെ സഹായം തേടി. ജി.പി.ആര്‍.എസ് സംവിധാനം ഫോണുപയോഗിച്ച് ആക്ടിവേറ്റ് ചെയ്തതാണെന്നും പന്ത്രണ്ടുകാരനായ തന്റെ മകനും കൂട്ടുകാരനും അതുപയോഗിച്ച്  നീല വീഡിയോദൃശ്യങ്ങള്‍ കാണുന്നുണ്ടെന്നും അതുകൊണ്ടാണ് റീചാര്‍ജ് കാശ് ആവിയാകുന്നതെന്നും പാവം അമ്മ അറിഞ്ഞതേയില്ല. നല്ലവരായ അയല്‍ക്കാര്‍ അതവരെ അറിയിച്ചില്ല. കമ്പനിയിലേക്ക് വിളിച്ച് ജി.പി.ആര്‍.എസ് സൗകര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നും സംഭവിക്കാത്തതുപോലെ മൊബൈല്‍ തിരിച്ചു നല്‍കുകയാണ് അവര്‍ ചെയ്തത്.

ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസസ് എന്ന ജി.പി.ആര്‍.എസ് ആക്ടിവേറ്റ് ചെയ്താല്‍ മൊബൈലിലേക്ക് എന്തും ഒഴുകിയെത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴി നിങ്ങള്‍ക്ക് ആരുമായും ആശയവിനിമയം നടത്താം. നൂറു മുതല്‍ ഇരുനൂറു രൂപവരെയുള്ള നിരക്കില്‍ രണ്ടു ജിഗാ ബൈറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാം.


**************************************
സുഹൃത്തുക്കളെ കണ്ടെത്താന്‍ മൊബൈല്‍ കമ്പനികള്‍ തന്നെ ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ഫ്രണ്ട് ഫൈന്‍ഡിങ് സൗകര്യം. ഈ സംവിധാനത്തിലൂടെ പരിചയപ്പെട്ട ശബ്ദത്തിന്റെ ഉടമയുമായി നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടി അടുപ്പത്തിലായത് പെട്ടെന്നാണ്. ഒടുവില്‍ പരസ്‌പരം കാണാനും ഒരുമിച്ചുജീവിക്കാനും തീരുമാനിച്ചു. മുംബൈയിലുള്ള കാമുകനെ കാണാന്‍ അവള്‍ ട്രെയിന്‍ കയറി. പാതിവഴി പിന്നിട്ടപ്പോഴാണ് രക്ഷിതാക്കള്‍പോലും വിവരം അറിയുന്നത്. അതും സൈബര്‍ സെല്ലിന്റെ സഹായത്തോടെ. റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് മാതാപിതാക്കള്‍ക്ക് കൈമാറിയതുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടു.


**********************************
സുഹൃത്തുക്കളെ കണ്ടെത്താനുള്ള നിര്‍ദോഷസഹായമാണ് മൊബൈല്‍ കമ്പനികളുടെ ഭാഷയിലിത്. നല്ല തുക ചാര്‍ജായി നല്‍കിയാല്‍ കമ്പനി നല്‍കുന്ന നമ്പറില്‍ വിളിച്ച് നിങ്ങളുടെ ചുരുങ്ങിയ പ്രൊഫൈല്‍ നല്‍കാം. അത് റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. ഇങ്ങനെ റെക്കോഡ് ചെയ്ത വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ മിനിറ്റിന് ഇത്ര രൂപയെന്ന നിരക്കില്‍ ലഭ്യമാകും. ഈ നമ്പറില്‍ വിളിച്ചാല്‍ നേരത്തേ പ്രൊഫൈല്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പറിലേക്ക് കമ്പനിയുടെ സഹായത്തോടെ കാള്‍ ചെല്ലും. സംസാരിക്കുന്ന ടോക് ടൈം എത്ര ദീര്‍ഘിക്കുന്നുവോ അത്രയും കമ്പനിയുടെ ലാഭം വര്‍ധിക്കുന്നു.

പ്രശസ്ത നഴ്‌സിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമുള്ള ടവര്‍ ഒരു കേസിന്റെ ആവശ്യത്തിന് പരിശോധനക്കു വിധേയമാക്കിയ സൈബര്‍ സെല്‍ ഞെട്ടി. പതിനൊന്നു മുതല്‍ പുലര്‍ച്ചവരെ മണിക്കൂറുകളോളം കാളുകള്‍ പോകുന്നത് ഹോസ്റ്റലില്‍നിന്നാണ്. നൈറ്റ് ടൈം കാള്‍ ഓഫറില്‍ രാത്രി പതിനൊന്നു മണിമുതല്‍ ഏഴു വരെ കാളുകള്‍ക്ക് ഇളവുണ്ട്. കൂടുതല്‍ പേര്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ തയാറായാല്‍ കണക്ഷനുകളുടെ എണ്ണം പറഞ്ഞ് വിപണിയില്‍ അവരുടെ ഓഹരി മൂല്യം വര്‍ധിക്കുമെന്നതാണ് ഇതിനു പിറകിലെ കച്ചവടക്കണ്ണ്.


************************************

കമിതാക്കള്‍ക്കും ദമ്പതികള്‍ക്കുമൊക്കെ മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന കണ്ണഞ്ചും ഓഫറാണ് ജോടി സിം. മണിക്കൂറുകള്‍ നീളുന്ന പ്രണയ സല്ലാപത്തിന് പിന്നിലും ഇത്തരം സിമ്മുകളാണ്. ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നത് ഇത്തരം കണക്ഷനുകളുടെ പേരുപയോഗിച്ചാണെന്നത് വേറെ കാര്യം. പഴയ പ്രേമകഥയിലെ ദല്ലാള്‍ വേഷമാണ് ഇപ്പോള്‍ മൊബൈല്‍ കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ പിറകെ പോയാലും പലപ്പോഴും ചെന്നെത്തുക വ്യാജവിലാസത്തില്‍ വിലസുന്ന കാമുകനിലായിരിക്കും. ചെറിയ തുകക്ക് റീ ചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് എസ്.എം.എസ് അയക്കാനുള്ള സൗകര്യവും ഫലപ്രദമായി ഉപയോഗിക്കുന്നത് കമിതാക്കളാണ്.


**********************************

സംസാരിക്കുന്നവന്റെ ശബ്ദം മുപ്പതുകാരിയുടെയും ഇരുപതുകാരിയുടെയുമൊക്കെ ശബ്ദമാക്കി മാറ്റാന്‍ കഴിയുന്ന ഫോണുകളുമുണ്ട്. കേള്‍ക്കുന്നവന് സുന്ദരിയായ സ്ത്രീയുടെ പ്രണയാര്‍ദ്രമായ ശബ്ദമായേ തോന്നൂ. ശബ്ദത്തില്‍ മയങ്ങി ഏതു തട്ടിപ്പിനും കാമുകന്‍ ഇരയാവാന്‍ അധികമൊന്നും മെനക്കെടേണ്ടതില്ല. വിവിധ ഓഫറുകളും വ്യത്യസ്ത സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കുന്ന കമ്പനികള്‍ക്ക് അത് ആര് എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയേണ്ട കാര്യമില്ല.  പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും അതുവഴി കോടികള്‍ കമ്പനികളുടെ പോക്കറ്റിലായിട്ടുണ്ടാവും.

2003ല്‍ 48000 കോടി രൂപയുടെ വരുമാനമാണ് ടെലിഫോണ്‍ മേഖലയിലുണ്ടായത്. 2008ല്‍ 1,69,000 കോടി രൂപയായി. 2001ല്‍ 30 ലക്ഷം ടെലിഫോണ്‍ ഉപഭോക്താക്കളാണ് രാജ്യത്ത്. 2010ല്‍ അത് 68.8 കോടിയായി. 2013ല്‍ ഇത് 99.3 കോടിയാവുമെന്നാണ് കണക്ക്. ഓരോ മാസവും രണ്ടു കോടി മൊബൈല്‍ കണക്ഷനാണ് പുതുതായി വിറ്റഴിയുന്നത്. 2005ല്‍ 5.23 കോടി മൊബൈല്‍ കണക്ഷനുണ്ടായിരുന്നത് 2010 മാര്‍ച്ച് ആയപ്പോഴേക്ക് 58.43 കോടി ആയി വര്‍ധിച്ചു. ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ ഇതിനു പുറമെയാണ്. മൊബൈല്‍ സാര്‍വത്രികമായതോടെ ലാന്‍ഡ് ലൈനുകള്‍ അപ്രത്യക്ഷമായി തുടങ്ങി. 2005ല്‍ 3.57 കോടി ലാന്‍ഡ്‌ലൈന്‍ കണക്ഷനുണ്ടായിരുന്ന ബി.എസ്.എന്‍.എല്ലിന് 2010 മാര്‍ച്ച് ആയപ്പോഴേക്ക് 2.78 കോടിയായി ചുരുങ്ങി.

കാണാമറയത്തിരുന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യാമെന്ന അപകടകരമായ സൗകര്യമാണ് മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും നമുക്ക് നല്‍കുന്നത്. എന്നാല്‍, ഇതോടെ എല്ലാം അവസാനിക്കുന്നില്ല. പിറകെ പോയാല്‍ എത്ര വിരുതനെയും പിടികൂടാനാവുമെന്നതും സൈബര്‍ ലോകത്തിന്റെ പ്രത്യേകതയാണ്. നമ്മള്‍ സ്വകാര്യമായി ചെയ്യുന്നതൊന്നും രഹസ്യമല്ല. ലോകത്തിന്റെ ഏതു കോണിലിരുന്നാലും മെനക്കെട്ടാല്‍ നിങ്ങളെ പിടികൂടാനാവും.

4 comments:

 1. ഈ അറിവുകള്‍ തികച്ചും ഫലപ്രദം.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 2. "നമ്മള്‍ സ്വകാര്യമായി ചെയ്യുന്നതൊന്നും രഹസ്യമല്ല. ലോകത്തിന്റെ ഏതു കോണിലിരുന്നാലും മെനക്കെട്ടാല്‍ നിങ്ങളെ പിടികൂടാനാവും"


  കള്ളപ്പേരില്‍, എന്ത് വൃത്തിക്കേടുകളും കാട്ടിക്കൂട്ടാം എന്ന് കരുതുന്ന ഇന്നത്തെ യുവ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യം!

  നല്ല പോസ്റ്റ്‌. അവാര്‍ഡ്‌ കിട്ടിയതില്‍ ഒരുപാടു സന്തോഷം.ഹൃദയം നിറഞ്ഞ ആശംസകള്‍.!! ഇനിയും ഒരുപാടു അവാര്‍ഡുകള്‍
  തേടിയെത്തട്ടെ :)

  ReplyDelete
 3. താമസിയാതെ മൊബൈല്‍ കമ്പനികള്‍ കൂട്ടിക്കൊടുപ്പും തുടങ്ങും!.എഫ്.എം റേഡിയോവും ചാനലുകാരും യുവാക്കളെ നന്നായി സ്വാധീനിക്കുന്നുണ്ട്.

  ReplyDelete
 4. നല്ല പോസ്റ്റ്‌, അവാര്‍ഡ്‌ കിട്ടിയതില്‍ ഒരുപാടു സന്തോഷം... ഹൃദയം നിറഞ്ഞ ആശംസകള്‍... ഇനിയും ഒരുപാടു അവാര്‍ഡുകള്‍ തേടിയെത്തട്ടെ...

  ReplyDelete

Related Posts Plugin for WordPress, Blogger...