Thursday, January 6, 2011

ചാറ്റിങ്ങ് ചതിക്കുഴികള്‍


27 ഡിസംബര്‍ 2010 മുതല്‍ 2 ജനുവരി 2011 വരെ തുടര്‍ച്ചയായി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ  മൂന്നാം ഭാഗം.

സാമാന്യം തരക്കേടില്ലാത്ത ജോലിക്കാരായ ദമ്പതികള്‍. വീട്ടില്‍ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും. ഭാര്യയും ഭര്‍ത്താവുമൊക്കെ ചാറ്റിങ്ങ് റൂമുകളില്‍ നേരമ്പോക്കിന് സൗഹൃദം പങ്കിടാറുണ്ട്. സ്വസ്ഥമായി മുന്നോട്ടു നീങ്ങിയ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് റഷ്യന്‍സുന്ദരി കടന്നു വന്നത്. തുടക്കത്തില്‍ ഭാര്യ ഒന്നും അറിഞ്ഞില്ല. വിദ്യാസമ്പന്നനായിരുന്ന കുടുംബനാഥന്റെ ജീവിതം ദേശങ്ങള്‍ക്കപ്പുറമുള്ള അജ്ഞതയിലേക്ക് ചുരുങ്ങാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. റഷ്യക്കാരിയുമായി എങ്ങനെ അടുക്കുമെന്നായി ചിന്ത. ഒടുവില്‍ അവള്‍ തന്നെ മാര്‍ഗം നിര്‍ദേശിച്ചു-എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാന്‍ താന്‍ തയാറാണെന്ന്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ടിക്കറ്റിനും വിസക്കും ആവശ്യമായ തുക അയച്ചുകൊടുത്താല്‍ വരാന്‍ നൂറുവട്ടം സമ്മതമാണെന്നും അറിയിപ്പു വന്നു. പിന്നീടങ്ങോട്ട് കാമുകിയെ എങ്ങനെ നാട്ടിലെത്തിക്കുമെന്നും ഭാര്യയെ എങ്ങനെ ഒഴിവാക്കുമെന്നുമായി അയാളുടെ ചിന്ത മുഴുവന്‍. രണ്ടിനും അയാള്‍ തന്നെ വഴി കണ്ടെത്തി. ഒരു സുപ്രഭാതത്തില്‍ ഭാര്യയോട് അയാള്‍ നിര്‍വികാരനായി പറഞ്ഞു-നമുക്ക് പിരിയാം,  നിന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഞെട്ടലില്‍ നിന്ന് മുക്തയായി കാര്യങ്ങള്‍ ചികഞ്ഞപ്പോഴാണ് റഷ്യന്‍ സുന്ദരി ഭര്‍ത്താവിനെ കീഴടക്കിയ വിവരം കൂടെ കഴിഞ്ഞവള്‍ അറിയുന്നത്. ആദ്യം പ്രതിഷേധിക്കുകയും പിന്നെ കരഞ്ഞപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രണയാതുരനായ ഭര്‍ത്താവിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വീട്ടിലേക്ക് മാറി. ഭാര്യ ഒഴിഞ്ഞതോടെ പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത ജോലിയുള്ളതുകൊണ്ട് തല്‍ക്കാലം വാടകവീട്ടില്‍ കഴിയാമെന്നും പതിയെ വീട് വാങ്ങാമെന്നും കരുതി. വീടു വിറ്റു കിട്ടിയ പണം കാമുകിക്ക് അയച്ചു കൊടുത്ത് പ്രതീക്ഷയോടെ, അയാള്‍ കാത്തിരുന്നു. ദിവസങ്ങള്‍ കൊഴിയെ കാമുകി ചാറ്റില്‍ വരാതായി. പിന്നെ പിന്നെ അയാളറിഞ്ഞു താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം.

* * * *
എം.എസ്.സി വിദ്യാര്‍ഥിനി ചാറ്റിങ്ങിലൂടെയാണ് അവനെ കണ്ടെത്തിയത്. ഫോട്ടോയും വിവരങ്ങളും കൈമാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും വസ്ത്രങ്ങളും കൈയിലെടുത്ത് ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനുമായി ഒന്നിച്ച് ജീവിക്കുന്ന സുന്ദര മുഹൂര്‍ത്തവും സ്വപ്‌നം കണ്ട് അവള്‍ അന്യസംസ്ഥാനത്തേക്ക് വണ്ടി കയറി. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാമുകന്‍ അവളെ കാത്തുനില്‍പുണ്ടായിരുന്നു. പ്രിയപ്പെട്ടവനെ കണ്‍കുളിര്‍ക്കെ കണ്ട അവളുടെ ഹൃദയം തുടികൊട്ടി. സ്‌റ്റേഷന്റെ പടിയിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കാമുകന്‍ കയറിയപ്പോഴും അവള്‍ അമ്പരന്നില്ല. ഓട്ടോ ഡ്രൈവറെയാണ് താന്‍ പ്രണയിച്ചിരുന്നതെന്ന് അവള്‍ ആ യാത്രയില്‍തന്നെ തിരിച്ചറിഞ്ഞു. പ്രണയാതുരതയ്ക്ക് അതും തടസ്സമായി തോന്നിയില്ല. എല്ലാ വൃത്തികേടുകളുടെയും കൂട്ടുകാരനായ യുവാവിനെയായിരുന്നു അവള്‍ എല്ലാം മറന്ന് പ്രണയിച്ചത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട, അന്യനാട്ടുകാരനായ കാമുകന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തിനിരയായി വലിച്ചെറിയപ്പെട്ട ഒരു കാമുകിയുടെ മാനസികാവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടത്?

* * * *
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. കാമുകനെ നേരില്‍ കാണാന്‍, അവനെ വിവാഹം കഴിച്ച് കൂടെ പൊറുക്കാന്‍. പിറന്നാള്‍ പിറ്റേന്ന് അവള്‍ ഗുജറാത്തിലെ ബറോഡയിലേക്ക് വണ്ടി കയറി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍. എല്ലാം മറന്ന് ഒന്നാകാന്‍. ചാറ്റിങ്ങിലൂടെ ലഭിച്ച സുഹൃത്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത സങ്കല്‍പങ്ങളിലെ കാമുകനുമായി ചെറുതും വലുതുമായ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു തുടക്കം. വിവാഹത്തിന് പതിനെട്ടു വയസ്സാവണമെന്ന നിയമം അറിയാവുന്നതുകൊണ്ടാണ് പ്രായം തികയുന്ന ദിവസം വരെ ഇരുവരും കാത്തിരുന്നത്. ബറോഡയില്‍ തന്നെ കാത്തു നിന്ന 68 കാരനെ കണ്ടപ്പോള്‍ അവള്‍ ആദ്യം അമ്പരന്നു. കാമുകന്റെ പിതാവായിരിക്കുമെന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. എന്നാല്‍ 68 കാരനായ വൃദ്ധന്‍ തന്നെയാണ് ഇത്രനാളും താന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച കാമുകന്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ താളംതെറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മകളുടെ ദുരന്തം വീട്ടുകാര്‍ അറിയുന്നത്. പിഴച്ച താളം നന്നാക്കിയെടുക്കാന്‍ പെടാ പാടു പെടുന്ന ഒരു കുടുംബത്തിന്റെ ചിത്രം വരികളില്‍ നിന്ന് വായിച്ചെടുക്കുക...

* * * *
ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ സുന്ദരമായ ഫോട്ടോകളോടൊപ്പം നല്‍കിയ വിവരങ്ങളില്‍ വിശ്വസിച്ച് ചതിയില്‍ പെടുന്നവരുടെ എണ്ണം നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്. പുറത്തു പറയാന്‍ മടിക്കുന്നതുകൊണ്ട് അവയില്‍ പലതും രഹസ്യമായി ഒടുങ്ങുന്നു. സുന്ദരികളുടെ ഫോട്ടോ കണ്ട് ഇത്തരം സൈറ്റുകളില്‍ കയറി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് വന്‍തുക സ്വന്തമായുണ്ടെന്നും അത് നാട്ടിലെത്തിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കാമുകിമാരുടെ മെയിലുകളാണ് ലഭിക്കുക. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ബാങ്ക് അക്കൗണ്ട് നല്‍കണമെന്നുമൊക്കെ ആവശ്യങ്ങള്‍ പിറകെ വരും. അതല്ലെങ്കില്‍ കൂടെ ജീവിക്കാനാവശ്യമായ ടിക്കറ്റും വിസക്കുള്ള കാശും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. കാമുകിയെ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കാശ് അയച്ചുകൊടുത്തവര്‍ നിരവധിയാണ്. വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെറിയു തുക പ്രോസസിംങ് ചാര്‍ജായി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിലെങ്കിലും ലഭിക്കാത്ത ആരുമുണ്ടാവില്ല. രാജ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാവുമെന്നല്ലാതെ തട്ടിപ്പിന്റെ സ്വഭാവം ഏതാണ്ട് ഒന്നു തന്നെയാണ്.


25 comments:

 1. നന്നാവാനും നശിക്കാനും E-ലോകം ധാരാളം!
  കണ്ടറിഞ്ഞു നിന്നാലും ചിലപ്പോള്‍ എല്ലാംകൊണ്ടേ അവര്‍ പോകൂ.
  ഇതില്‍ പുതുമയില്ല.
  കാരണം വരാനുള്ളത് നെറ്റില്‍ തങ്ങില്ലല്ലോ.!

  ReplyDelete
 2. ഇങ്ങനെ യൊക്കെ പറ്റുമെന്നു വിശ്വസിക്കാനാകുന്നില്ല. എന്താണേലും മാധ്യമത്തില്‍ വന്നല്ലോ. അതു വായിക്കുന്നവരെങ്കിലും ഇതു തിരിച്ചറിയട്ടെ.

  ReplyDelete
 3. കൂടുതല്‍ ആള്‍ക്കാര് വായിക്കട്ടെ..

  ബോധവല്കരണം ആണ്‌ ഇന്നത്തെ

  തലമുറയ്ക്ക് വേണ്ടത്...

  ReplyDelete
 4. എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം .....

  ReplyDelete
 5. ജീവിതം വഴിമാറ്റുന്ന ഓരോ കാരണങ്ങള്‍

  ReplyDelete
 6. ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ ,കൂട്ടം തുടങ്ങി എല്ലാനെറ്റ്വർക്കിലുള്ള എല്ലാബന്ധങ്ങളും അത്തരത്തിലുള്ളതാണന്നു പറയുന്നതിനോട് ഞാൻ വിയോചിക്കുന്നു. നല്ല സൌഹാർദ്ദങ്ങൾ ഉണ്ടാവുന്നത് മറച്ച് പീടിക്കുന്നത് കൊണ്ട് ഇവിടെ പറഞ്ഞതൊക്കെ ശരിയാവണമെന്നില്ല .ലേഖനത്തിൽ ചൂണ്ടികാണിച്ച പ്രശ്നങ്ങൾ ഇന്റർ നെറ്റിനു പുറത്തും ധാരളംനടക്കുന്നില്ലേ മാഷേ...നമ്മു8ടെ ചുറ്റുവട്ടങ്ങളിൽ നടക്കുന്നത് നെറ്റിലുള്ളതിനെകാൾ നാണിപ്പിക്കുന്ന തരത്തിലല്ലേ .എവിടെയാണങ്കിലും നമ്മുടെ സമീപനത്തിലാണ് പ്രശ്നം.. നല്ലത് തിരയുന്നവർക്കു നല്ലത് ലഭിക്കും .

  അഭിപ്രായം പോസ്റ്റ് ചെയ്യാൻ Word verification ചെയ്യണം എന്നു ആവിശ്യപ്പെടുന്നത് ഒരു വിവരകേടാണ്.

  ReplyDelete
 7. നെറ്റില്‍ ഇത്തരം ധാരാളം ചതിക്കുഴികളുണ്ട്. കണ്ടും കേട്ടും നിന്നാല്‍ എല്ലാവര്‍ക്കും നല്ലത്. ഇതും ഞാന്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നു. Please remove the word verification.

  ReplyDelete
 8. എന്തായാലും ഞാന്‍ ഈ കേസുകെട്ടില്‍ നിന്നെല്ലാം ഒഴിവാണെ...ഹോ രക്ഷപ്പെട്ടു..

  ReplyDelete
 9. സത്യം.
  ചിലപ്പോള്‍ അനാവശ്യമെന്ന് തോന്നുന്ന നിലനിൽപ്പില്ലാത്ത ഒരു അന്വേഷണാത്മക സൌഹൃദം.
  നന്നായി.

  ReplyDelete
 10. ഇന്നത്തെ സമൂഹം തിരിച്ചറിയേണ്ട പാഠം.. നല്ല ലേഖനം..

  ReplyDelete
 11. ഇ ലോകത്തെ ചതികളൊക്കെ , അത് ഉപയോഗിക്കുന്നവരുടെ തരം പോലിരിക്കും..
  ആശംസകള്‍..

  ReplyDelete
 12. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന സംശയിക്കുന്നവരുണ്ട് എന്ന അറിയാം. അവരോട് ഒന്നേ പറയാനുള്ളൂ. ഏതെങ്കിലും അറിയപ്പെടുന്ന സൈക്യാതൃസ്ടിന്റെ
  അടുത്ത്‌ പോവുക. അവരുടെ കേസ് ഡയറി നോക്കുക. നിങ്ങള്‍ അല്ബുധപ്പെട്റ്റ് പോകും, തീര്‍ച്ച. പ്രതികരിച്ച എല്ലാവര്ക്കും നന്ദി. ഇനാം

  ReplyDelete
 13. ഒന്നിനെയും വിശ്വസിക്കാന്‍ പറ്റാത്തതാണ് ഇന്നത്തെ ലോകം. പുതിയവ കടന്നു വരുന്നതോടെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നേ ഉള്ളു. മനസ്സ്‌ തന്നെ പ്രധാനം.

  ReplyDelete
 14. അതെ..... റാംജി പറഞ്ഞപോലെ...പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നേ ഉള്ളു. മനസ്സ്‌ തന്നെ പ്രധാനം. കൂടുതലും ഇത്തരം ചതിക്കുഴിയിൽ വീഴുന്നത് യുവതി,യുവാക്കൾ മാരാണു. അവർ ഇതൊക്കെ വായിക്കുമോ എന്നാണെന്റെ സംശയം...രക്ഷകർത്താക്കളാണു ഇതിൻ മുൻൈക എടുക്കെണ്ടത്... മറ്റുള്ളിടങ്ങളിൽ നടക്കുന്നത് തന്നെ ഇവ്ഇടേയും നടക്കുന്നത്..സൂക്ഷിച്ചാൽ ദുഖിക്കേണ്ടാ......

  ReplyDelete
 15. മോളെ തിരിച്ചറിവുള്ളവര്‍ രക്ഷപ്പെടും അതില്ലാത്തവര്‍ ഇതുപോലുള്ള അറിയാകെണിയിലകപ്പെടും ..നല്ല പോസ്റ്റ്‌ .

  ReplyDelete
 16. നല്ല പോസ്റ്റ്‌, തുടരുമല്ലോ, കാത്തിരിക്കുന്നു...

  ReplyDelete
 17. വായിച്ചവര്‍ക്ക് നന്ദി, കമന്റ്‌ ഇട്ടവര്‍ക്കും

  ഇനാം

  ReplyDelete
 18. സൈബര്‍ സമൂഹത്തിലെ ചതിക്കുഴികള്‍ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ .

  ReplyDelete
 19. ഇതൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നടത്തുന്ന എല്ലാ ഉന്നതരും കാണുന്നുണ്ടോ അതോ കണ്ടില്ലെന്ന് നടിക്കുന്നോ !?

  ReplyDelete
 20. ചാറ്റുമീനുകൾ കൊത്തിത്തിന്ന വികൃതമായതെങ്കിലും ആ മുഖം തിരിച്ചറിഞ്ഞ് അയാൾ അലറിക്കരഞ്ഞു......“മോളേ”

  ReplyDelete
 21. നന്നായിട്ടുണ്ട് ...വിട്ണ്ടും വരാം ...
  എന്‍റെ ബ്ലോഗിലേക്കും സ്വാഗതം
  സോഗീത അസ്വതകര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗ്‌ താല്പര്യമുള്ളവര്‍ക്ക് വരം
  http://worldmusiccollections.blogspot.com/

  ReplyDelete
 22. നല്ലൊരു പോസ്റ്റ്.. വായിച്ചിരിക്കേണ്ടത്..

  ReplyDelete
 23. ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

  ReplyDelete

Related Posts Plugin for WordPress, Blogger...